ലോകം ഇന്ന് ഇന്റര്‍നെറ്റിലാണ് നിയന്ത്രിക്കപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. എല്ലാവിവരങ്ങളും പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ സര്‍വ വിജ്ഞാനകോശമായി കണക്കാക്കുന്നത് ഇപ്പോള്‍ ഇന്റര്‍നെറ്റാണ്. വിവരങ്ങള്‍ കണ്ടെത്താനും നല്‍കാനും ഇതിലും ചെലവുകുറഞ്ഞതും വിശാലവും എളുപ്പവുമായ മറ്റൊരു മാര്‍ഗവും ഇന്ന് നിലവിലില്ല.
വെബ്‌സൈറ്റുകള്‍ വഴിയാണ് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ കൈമാറുന്നത്. ഇന്റര്‍നെറ്റിലെതന്നെ സര്‍വ വിജ്ഞാനകോശ വെബ്‌സൈറ്റായി വിക്കിപീഡിയ അടക്കമുള്ള പല വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ലോകത്ത് ഇന്ന് ലഭ്യമായിട്ടുള്ള ജീവികളുടെത് മാത്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു വെബ്‌സൈറ്റാണ് എന്‍സൈക്ലോപീഡിയ ഓഫ് ലൈഫ്് (eol.org).
ലോകത്ത് ഏതാണ്ട് 19ലക്ഷം ജീവികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ ഒന്‍പതര ലക്ഷം ജീവികളുടെയും പേരുകള്‍, വര്‍ഗ്ഗം, ശാസ്ത്രീയവിവരങ്ങള്‍, ചിത്രങ്ങള്‍ എന്നിവ അടങ്ങിയ ഒരു സമ്പൂര്‍ണ്ണ വിവരശേഖരമാണ് ഈ വെബ്‌സൈറ്റി ഒരുക്കിയിരിക്കുന്നത്. ഏതൊരു ജീവിയെപ്പറ്റി അറിയണമെങ്കിലും അതിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്താല്‍ ആ ജീവിയെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ലഭ്യമാകും.
വിക്കിപീഡിയ സൈറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മനോഹരവും കൂടുതല്‍ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇത്. ചുരുക്കം, വിശദമായി, പേരുകള്‍, കുടുംബം തുടങ്ങി ഒന്‍പത് ടാബുകളിലായാണ് വിവരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ജീവ ശാസ്ത്രമേഖലയില്‍ പഠിക്കുന്നവര്‍ക്കും ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ക്കും മറ്റും വളരെ ഉപകാരപ്രദമായ ഒരുവൈബ്‌സൈറ്റാണ് ഇത്.
മുപ്പതിനായിരത്തോളം ജീവികളുടെ വിവരങ്ങളുമായി 2008 ഫിബ്രവരിയിലാണ് വെബ്‌സൈറ്റ് നിലവില്‍ വന്നത്. ഒന്‍പത് ലക്ഷത്തോളം പേജുകളും 13ലക്ഷത്തോളം ചിത്രങ്ങളും മറ്റു വിവരങ്ങളും ഇതിനകം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച്, തുടങ്ങി എട്ടോളം ഭാഷകളിലും വെബ്‌സൈറ്റ് ലഭ്യമാണ്.
ഹവാര്‍ഡ് യൂണിവേഴ്‌സിറ്റി, ഫീല്‍ഡ് മ്യൂസിയം, മറൈന്‍ ബയോളജിക്കല്‍ ലബോറട്ടറി, മിസ്സോറി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഈ സംരഭത്തിന് തുടക്കമിട്ടത്. എഡ്വേര്‍ഡ് ഒ. വില്‍സണ്‍ എന്ന ലോകപ്രശസ്ത ബയോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് ഇന്ന് ഈ സംരഭം പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങള്‍, വിദഗ്ദരായ ശാസ്ത്രജ്ഞര്‍, യൂണിവേഴ്‌സിറ്റികള്‍, വിദ്യാര്‍ഥികള്‍, വിക്കിപീഡിയ, ഫഌക്കര്‍ തുടങ്ങിയ വെബ്‌സൈറ്റ് അടക്കമുള്ളവരാണ് ഇതിലേക്ക് വിവരങ്ങള്‍ നല്‍കുന്നു.
ജീവശാസ്ത്രമേഖലയില്‍ കൂടുതല്‍ അറിവുകള്‍ കൈവശമുള്ളവര്‍ക്ക് വിവരങ്ങള്‍ തിരയുന്നതിന് പുറമെ തങ്ങളുടെ വിവരങ്ങള്‍ വൈബ്‌സൈറ്റിലേക്ക് കൈമാറാവുന്നതുമാണ്. മാത്രമല്ല ഇതോടനുബന്ധിച്ചുള്ള ചര്‍ച്ചകളിലും പങ്കെടുത്ത് അറിവുകള്‍ കൈമാറ്റം ചെയ്യാവുന്നതുമാണ്.

